മുംബൈ നഗരത്തിരക്കുകള്‍ക്കിടയില്‍, കടലോരത്ത് തകര്‍ന്നടിഞ്ഞ ഒരു കോട്ട പോലെ നില്ക്കുന്ന ഒരു കെട്ടിടമുണ്ട്. അതാണ് മുകേഷ് മില്‍സ്. ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള ഈ പഴയ മില്‍ ഇന്ന് മുംബൈയിലെ ഏറ്റവും "പ്രേതബാധയുള്ള’ സ്ഥലങ്ങളിലൊന്ന് എന്ന നിലയില്‍ കുപ്രസിദ്ധമാണ്. ഒരുകാലത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതാണ് ഈ തുണിമില്‍.
1980കളിലെ ആ ദുരൂഹമായ തീപിടിത്തത്തിന് ശേഷമാണ് ഇതൊരു ശപിക്കപ്പെട്ട ഇടമായി മാറിയത്.
1870കളില്‍ മൂല്ജിഭായ് മാധ്വാനി എന്ന ബിസിനസുകാരനാണ് ഈ മിൽ സ്ഥാപിച്ചത്. മുംബൈയിലെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ മില്ലുകളില്‍ ഒന്നായി അത്. മുകേഷ് മില്‍സിന്റെ ചരിത്രംമാറുന്നത് 1982ലാണ്. വന്‍ തീപിടുത്തത്തില്‍ മില്ലിന്റെ ഭൂരിഭാഗവും നശിക്കുകയായിരുന്നു.
ഈ അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളില്ല. അന്നുമുതൽ ഈ സ്ഥലം ശപിക്കപ്പെട്ടതാണെന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ഉറച്ചത്. മരിച്ച തൊഴിലാളികളുടെ ആത്മാക്കള്‍ ഇന്നും അവിടെ അലഞ്ഞുതിരിയുന്നുവെന്നാണ് പലരുടെയും വിശ്വാസം.
മില്‍ അടച്ചുപൂട്ടിയതോടെ അവിടം സിനിമകളുടെയും പരസ്യങ്ങളുടെയും ഷൂട്ടിംഗ് ലൊക്കേഷനായി മാറി. എന്നാല്‍ ഷൂട്ടിംഗിന് എത്തിയവര്‍ക്ക് ഉണ്ടായ ചില അനുഭവങ്ങളാണ് മുകേഷ് മില്‍സിനെ പ്രേതകേന്ദ്രമായി മുദ്ര കുത്താനിടയാക്കിയത്.
ഒരിക്കല്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു നടി പെട്ടെന്ന് വിചിത്രമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുകയും, എല്ലാവരോടും അവിടെനിന്ന് ഉടന്‍ പുറത്തുപോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ആ നടിയുടെ ശബ്ദം ഒരു പുരുഷന്റേതായി മാറിയതോടെ എല്ലാവരും ഭയന്ന് ഓടിപ്പോയത്രേ.
രാത്രികാലങ്ങളില്‍ മില്ലിനുള്ളില്നിന്ന് ഒരു കൊച്ചു കുട്ടി കരയുന്ന ശബ്ദം കേള്‍ക്കാറുണ്ടെന്ന് സമീപവാസികളും സുരക്ഷാജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പരിശോധിക്കുമ്പോള്‍ അവിടെ ആരെയും കാണാറില്ലെന്നും അവര്‍ പറയുന്നു.
മില്ലിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ കാമറകള്‍ വയ്ക്കുമ്പോള്‍ അവ പെട്ടെന്ന് ഓഫായിപ്പോകുകയോ ഫിലിം നശിച്ചുപോകുകയോ ചെയ്യുമെന്ന് പല സംവിധായകരും പറയാറുണ്ട്. പുറത്തുകൊണ്ടുവരുമ്പോള്‍ ഇവ കൃത്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുമത്രേ.
രാത്രികാലങ്ങളില്‍ മില്ലിന്റെ ഉള്‍ഭാഗത്തേക്ക് പോവാറില്ലെന്ന് സുരക്ഷാ ജീവനക്കാര്‍തന്നെ പറയുന്നുണ്ട്. പുകവലിക്കുന്ന ഒരാളുടെ നിഴല്‍ മില്ലിനുള്ളില്‍ കണ്ടിട്ടുണ്ടെന്നും ചിലപ്പോള്‍ ആരോ തള്ളുന്നതായി തോന്നാറുണ്ടെന്നും കല്ലുകള്‍ വന്നുവീഴുന്ന അനുഭവം ഉണ്ടായിട്ടുള്ളതായും അവര്‍ പറയുന്നു. ചില സമയങ്ങളില്‍ മില്ലിനുള്ളില്നിന്ന് തുണി നെയ്യുന്ന യന്ത്രങ്ങളുടെ ശബ്ദം കേള്‍ക്കാറുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
മുകേഷ് മില്‍സ് കടലിനോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ വേലിയേറ്റ സമയങ്ങളില്‍ ഈ പരിസരം കൂടുതല്‍ ഭയാനകമായി മാറാറുണ്ട്. ഇവിടത്തെ തകര്‍ന്ന ചിമ്മിനികളും കരിപിടിച്ച ചുവരുകളും പ്രേതസിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ഒരു ടൂറിസ്റ്റ് ആകര്ഷണമല്ലെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവരും പാരാനോര്‍മല്‍ ആക്ടിവിറ്റികളില്‍ താല്പര്യമുള്ളവരും ഇപ്പോഴും ഇവിടേക്കു വരാറുണ്ട്.